എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, August 25, 2014

സഞ്ചാരി
   നടന്ന് നടന്ന് അയാള്‍ക്ക് കാലടികള്‍ കുഴഞ്ഞു.റോഡുകളും ഇടവഴികളും അവസാനിച്ചപ്പോള്‍ അയാള്‍ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ ഇരുന്നു.കൈയ്യിലെ ചെമ്പ്പാത്രത്തിനകത്തേക്കയാള്‍ നോക്കി.ഇന്നധികമൊന്നും തടഞ്ഞില്ല.പള്ളിമുറ്റങ്ങളും അമ്പലമുറ്റവുമെല്ലാം ഇന്ന് വിജനമായിരുന്നു.വന്നവര്‍ പോലും തങ്ങളെ ശ്രദ്ധിക്കാതെ സ്വന്തം കൂടുകളിലേക്ക് ചേക്കേറാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു.മഴയല്ലെ മഴ...........!
         സമയം സന്ധ്യയോടടുത്തിരുന്നു.അയാള്‍ എഴുന്നേറ്റ് നടത്തം തുടര്‍ന്നു. പക്ഷികളെല്ലാം അസ്തമയ സൂര്യന്റെ ചൂടുപറ്റ് തങ്ങളുടെ വീടുകള്‍ ലക്ഷ്യമാക്കി പറന്നു.നിരത്തുകള്‍ വിജനമായി. എങ്കിലും ചിലയിടങ്ങളില്‍ ചിലര്‍ കൂട്ടം കൂടി നില്‍പ്പുണ്ട്. "അതാ തന്റെ കൊട്ടാരം......!കടക്കാരന്‍ ഇന്ന് നേരത്തേ കടയടച്ചല്ലോ.... ഭാഗ്യം തനിക്കിന്ന് നേരത്തേ കൂടണയാം. അയാള്‍ എന്നും ആ കടത്തിണ്ണ ഒഴിഞ്ഞുകിട്ടാനായി കാത്തിരിക്കാറുണ്ടായിരുന്നു.... കടക്കാരന് തന്റെ സാമ്രാജ്യത്തില്‍ അതിക്രമിച്ച് കയറുന്ന ഒരു നുഴഞ്ഞ് കയറ്റകാരനായിരുന്നു അയാള്‍. പഴിയും ചീത്തപറച്ചിലും തുടര്‍ന്നാണ് കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ തുടങ്ങിയത്.
        അയാളൊന്ന് തലചായ്ക്കാന്‍ ആഗ്രഹിച്ചു. തണുപ്പ് അന്തരീക്ഷത്തെ നിശ്ചലമാക്കിയിരുന്നു.പതിയെ മഞ്ഞുതുള്ളികള്‍ ഭൂമിയെ ചുംബിച്ചുതുടങ്ങി. പിന്നെ അതൊരു ആലിംഗനമായി. പിന്നീടതൊരു കൂടിചേരലായി.... നനഞ്ഞമണ്ണിന്റെ നറുമണം അന്തരീക്ഷത്തെ മുഖരിതമാക്കി. തന്റെ ഏക സമ്പാദ്യമായിരുന്ന ആ കമ്പിളിപുതപ്പ് അയാള്‍ തന്നിലേക്ക് ചേര്‍ത്തു. വിശന്ന വയറിന്റെ ഞരക്കങ്ങള്‍ക്കിടയിലും അയാള്‍ മയക്കത്തെ കാത്തിരുന്നു.... വിജനനിരത്തും നിശ്ചലമായ സമൂഹവും മഴ തന്റെ സ്നേഹലാളനകള്‍ ഭൂമിയിലേക്ക് ചൊരിഞ്ഞുകൊണ്ടേയിരുന്നു. എങ്ങുനിന്നറിയില്ല, അപ്പോള്‍ കടക്കാരന്റെ സാമ്രാജ്യത്തില്‍ ക്ഷണിക്കപ്പെടാതെ ഒരതിഥി എത്തി... ഹാ...! അയാള്‍ക്ക് ചിരിപ്പൊട്ടി....
       സുന്ദരനായ ഒരു ചെറുപ്പക്കാരനാണ്. ഷര്‍ട്ടും പാന്റ്സും ഒപ്പം ടൈയും. ആകെ നനഞ്ഞ് വശം കെട്ടിട്ടുണ്ട്.കൈയ്യില്‍ ഒരു നീല ബുക്ക്. അല്ലല്ല, നിങ്ങലെന്താ അതിനെ പറയുക,ങാ...!ഫയല്‍...! ഒരു നീല ഫയല്‍.
       അയാളുടെ കണ്ണുകളെ ഉറക്കം തഴുകാന്‍ തുടങ്ങിയിരുന്നു. തുന്നികൂട്ടലുകള്‍ നിറഞ്ഞ കമ്പിളിക്കുളളിലൂടെ അരിച്ചെത്തുന്ന കുളിരിനെ അയാള്‍ ആശ്ലേഷിച്ചു. മഴത്തുളളികള്‍ കാറ്റിന്റെ കാപിടിച്ച് ദിശമാറിക്കളിച്ചു. ചിലതയാളുടെ മുഖത്തേക്ക് തെറിച്ച് വീണു. അത് അയാളുടെ മനം കുളിര്‍പ്പിച്ചു.
       "ഹൊ! നാശം പിടിച്ച മഴ,ഇതിനിപ്പോഴാണോ പെയ്യാന്‍ കണ്ടത്,ആകെ നനഞ്ഞ് കുളിച്ചു. ഇനിയെപ്പോഴാണാവോ വീട്ടിലെത്താന്‍ കഴിയുക. നാശം." ആ ചെറുപ്പക്കാരന്റെ പിറുപിറുക്കലിനിടയില്‍ അയാളുടെ മുഖത്ത് മന്ദഹാസം വിരിഞ്ഞു.മഴ ഒന്ന് ശക്തിയായി പെയ്‌തു.... അയാള്‍ കണ്ണടച്ചു. അപ്പോഴും അയാളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.
ആയിഷത്ത് ജസീല

No comments:

Post a Comment